റിയാദ്: ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിൽ റിയാദിൽ നിന്നുള്ള കേളിയുടെ പ്രതിനിധി സംഘത്തെ രക്ഷാധികാരി സമിതി അംഗം കെ.പി.എം. സാദിഖ് നയിക്കും.
കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ജീവകാരുണ്യ കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര എന്നിവരാണ് കേളിയിൽ നിന്നും പങ്കെടുക്കുന്ന മറ്റ് പ്രതിനിധികൾ.
അഞ്ചാം ലോക കേരളസഭയിൽ പങ്കെടുക്കുന്നുവെന്നത് വലിയ ഉത്തരവാദിത്വവും അഭിമാനവുമാണെന്ന് സാദിഖ് പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ അധ്വാനവും ത്യാഗവും കേരളത്തിന്റെ സാമൂഹ്യ - സാമ്പത്തിക പുരോഗതിയിൽ വഹിച്ച പങ്കും ലോക കേരള സഭയുടെ വേദിയിൽ ശക്തമായി ഉയർത്തിപ്പിടിക്കുക എന്നതാണ് ലക്ഷ്യം.
പ്രവാസി മലയാളികൾ നേരിടുന്ന തൊഴിൽ, നിയമ, സാമൂഹിക സുരക്ഷാ വിഷയങ്ങൾക്കുള്ള നയപരമായ ഇടപെടലുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വേദിയിൽ ഉന്നയിക്കും.
ലോക കേരളസഭയിലൂടെ പ്രവാസി സമൂഹത്തിന്റെ ശബ്ദം കൂടുതൽ ശക്തമായി കേരള സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ലോക കേരള സഭ വ്യാഴാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.